തിരുവല്ല അതിഭദ്രാസനത്തിന്റെ നവതി സ്മാരക പദ്ധതിയായ ഭവനരഹിതർക്ക് ഭവനത്തിന്റെ താക്കോൽ ദാനവും കൂദാശയും കാതോലിക്ക ബാവ നടത്തി

തിരുവല്ല അതിഭദ്രാസനത്തിന്റെ നവതി സ്മാരക പദ്ധതിയായ ഭവനരഹിതർക്ക് ഭവനത്തിന്റെ താക്കോൽ ദാനവും കൂദാശയും കാതോലിക്ക ബാവ നടത്തി.
പുറമറ്റം : തിരുവല്ല അതിഭദ്രാസനത്തിൽ പുറമറ്റം നവതി ഗാർഡൻസിലെ ആറ് വീടുകളുടെ കൂദശയും താക്കോൽ ദാനവും, ചുങ്കപ്പാറ കോട്ടാഗലിൽ പുതുതായി പണി കഴിപ്പിക്കുന്ന 9 വീടുകളുടെ അടിസ്ഥാന ശിലയുടെ ആശിർവാദം പരിശുദ്ധ ബസേലിയോസ് ക്ലിമീസ് കാത്തോലിക്ക ബാവ നിർവഹിച്ചു. തിരുവല്ല അതിഭദ്രാസനാധിപൻ തോമസ് മോർ കുറിലോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ അഡ്വ. മാത്യു ടി തോമസ് എം.എൽ.എ താക്കോൽദാനം നിർവ്വഹിച്ചു. കൂദാശയുടെ സമാപനത്തിൽ തിരുവല്ല അതിഭദ്രാസനത്തിനു ചാലപ്പള്ളിയിലെ മണ്ണിൽ കുടുംബം ജോസഫ് & കാതറിൻ നൽകിയ സ്ഥലത്ത് 9 വീടുകൾ നിർമ്മിക്കുന്നതിന്റെ ശിലാശീർവ്വാദ കർമ്മവും നിർവ്വഹിച്ചു.
2021 ആഗസ്റ്റിൽ 10 വീടുകൾ തിരുവല്ല അതിഭദ്രാസനത്തിന്റെ നവതിയോടനുബന്ധിച്ച് നിർമ്മാണം പൂർത്തിയാക്കി നൽകിയിരുന്നു. കുന്തറയിൽ പരേതരായ ഗീവർഗീസ് - സാറാമ്മ ദമ്പതികളുടെ സ്മരണാർത്ഥമാണ് 104 സെന്റ് സ്ഥലം സ്നേഹനിധികളായ 5 മക്കൾ തിരുവല്ല അതിഭദ്രാസനത്തിനു സൗജന്യമായി നൽകിയത്.
520 ചതുരശ്ര അടിയിൽ 2 കിടക്ക മുറികളും , അടുക്കളയും, ബാത്ത് റൂമും, ലിവിങ്ങ് റൂമും കൂടിയതാണ്. എല്ലാ മുറികളിലും തറയിൽ ടൈൽസ് പാകിയതാണ്. എല്ലാ വീടുകളും കോൺക്രീറ്റ് ചെയ്തിട്ടുള്ളതാണ്. ജാതി മതേഭേദമെന്യേ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഉൾപ്പെട്ടവർക്കാണ് വീടുകൾ ലഭിച്ചത്.
തിരുവല്ല ബോധന സോഷ്യൽ സർവ്വീസിൽ ലഭിച്ച ഭവന രഹിതരുടെ അപേക്ഷകൾ പഠിച്ച് ഏറ്റം യോഗ്യരായവർക്കാണ് 6 വീടുകൾ നൽകിയിരിക്കുന്നത്. ഈ വീടുകളുടെ ഡിസൈൻ ചെയ്തത് ചങ്ങനാശ്ശേരി സ്വദേശി സീനിയർ എഞ്ചിനീയറായ ജോൺ കോച്ചേരിയാണ്. കോൺട്രാക്ടറായി പ്രവർത്തിച്ചത് ശ്രീ ബിന്നി മാത്യു ജോർജ് ആണ്. വയറിംഗും ,
പ്ലംബിംഗും , പെയിന്റിംഗും , എല്ലാം പൂർത്തീകരിച്ച 1 വീടിന് 8,71,000 രൂപാ ചിലവായതായി നവതി ഭവന പ്രോജക്ട് ഡയറക്ടർ ഫാ. സന്തോഷ് അഴകത്ത് അറിയിച്ചു.